തൊടുപുഴ: റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ജര്‍മന്‍ സഹായത്തോടെ 144 കോടി വായ്പയെടുത്ത് നിര്‍മിക്കുന്ന നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊമ്മന്‍കുത്ത് പാലത്തിന്റെയും 40 ഏക്കറിലെ കലുങ്കിന്റെയും നിര്‍മാണത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നു റോഡ് വികസന സമിതി, മൂവാറ്റുപുഴ-തേനി സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചപ്പാത്ത് നിലനിര്‍ത്തി പുതിയ പാലം നിര്‍മിക്കുക, ആറുമാസം മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന താത്കാലിക പാലം നിര്‍മിക്കുന്നതിനു വേണ്ടിവരുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുക, 40 ഏക്കറിലെ കലുങ്ക് രണ്ടുമീറ്റര്‍ ഉയര്‍ത്തി പുനര്‍നിര്‍മിക്കുക, കോട്ടറോഡിന്റെയും നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെയും സര്‍വേ സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കി വികസനം ഉറപ്പാക്കുക ഇതിനായി ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ചപ്പാത്ത് പൊളിച്ചുനീക്കുന്നതിനു വേണ്ടിവരുന്ന ചെലവും താത്കാലിക പാലം നിര്‍മിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന 50 ലക്ഷം രൂപയും ഇതിലൂടെ ലാഭിക്കാനാകും.
ഈ തുക പുതിയ പാലത്തിന്റെ നിര്‍മാണത്തിന് ഉപയോഗിക്കാനും കഴിയും. 40 ഏക്കറില്‍ നിലവില്‍ നിര്‍മിച്ചുവരുന്ന കലുങ്ക് കനത്തമഴയില്‍ മുങ്ങിയിരുന്നു. കലുങ്ക് രണ്ടുമീറ്ററെങ്കിലും ഉയര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയാറായില്ല.
റോഡ് നിര്‍മാണത്തില്‍ പലയിടത്തും അപാകതകളുണ്ട്. സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പലഭാഗങ്ങളിലും കലുങ്ക് നിര്‍മിക്കാനും പോരായ്മകള്‍ പരിഹരിക്കാനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഫാ. ജോസ് കിഴക്കേല്‍, ജാസില്‍ കെ. ഫിലിപ്പ്, സാബു സെബാസ്റ്റ്യന്‍, പി.ആര്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.